ചിറ്റാരിക്കാൽ: ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മൂലം ജില്ലയിൽ ഏറ്റവുമധികം നഷ്ടങ്ങളുണ്ടായ ഈസ്റ്റ് എളേരി പഞ്ചായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സന്ദീപ് വാര്യർ എംഎൽഎയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത അവലോകന യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
തയ്യേനിയിലെ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും വീടുകൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത നിലയിലുള്ളവർക്ക് മറ്റു പുനരധിവാസ സൗകര്യങ്ങൾ ഒരുക്കി നൽകാനും തീരുമാനിച്ചു. ക്യാമ്പിന്റെ പ്രവർത്തനത്തിനും റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുമുൾപ്പെടെ ആവശ്യമായ തുക പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കും.
ഭാവിയിൽ ഉണ്ടാകാവുന്ന അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിനും നേരിടുന്നതിനുമായി വിദഗ്ധരെ ഉൾപ്പെടുത്തിയ കമ്മിറ്റി രൂപീകരിക്കാനും ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കാനുമുള്ള എംഎൽഎയുടെ നിർദേശം അംഗീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, ജെഡിപി കെ.വി. ഹരിദാസ്, തഹസിൽദാർ കെ.വി. രാമു എന്നിവപും വിവിധ തലങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.